നുറുങ്ങു കഥ
അവള്‍ സ്കൂളില്‍ പോകാന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. 'ന്യുയിസന്‍സ്', ഒരു പൂച്ചക്കുട്ടി ഓടിയെത്തി കാലിലുരുമ്മാന്‍ ഒരുങ്ങി. ഹിമ പതുക്കെ കാലുകൊണ്ട് അതിനെ തള്ളിനീക്കി. അവൾ ഗേറ്റിനടുത്തേക്ക് നടന്നു, പൂച്ചക്കുട്ടിയും അവളുടെ കൂടെ നടന്നു വന്നു. അവള്‍ ഗേറ്റ് കടന്നുവെങ്കിലും പൂച്ചക്കുട്ടി അകത്തു തന്നെ നിന്നതേയുള്ളു. അവള്‍ ഗേറ്റ് കുറ്റിയിട്ടു. 'ഇത് എവിടെ നിന്ന് വന്നുആവോ!'
ഞാന്‍ ഹിമ. എന്‍റെ വീട് കണ്ണൂരിലെ ഒരു മലയോര ഗ്രാമത്തിലാണ്. രാജു അങ്കിള്‍ എന്‍റെ അച്ഛന്‍റെ ഒരു ഫ്രണ്ട് ആണ്. ഒരു ദിവസം അങ്കിളും ഗ്രേസി ആന്‍റിയും വീട്ടില്‍ വന്നപ്പോള്‍ ചോദിച്ചു, "ഹിമ തിരുവന്തപുരത്തു വരുന്നോ? അവിടെ ഒരു നല്ല സ്കൂളില്‍ പഠിക്കാം". അങ്ങനെയാണ് ഞാന്‍ ഇവിടേക്കു വന്നത്.
വൈകിട്ട് വീട്ടിലെ ഗേറ്റ് തുറന്നതേ പൂച്ചക്കുട്ടി കാര്‍ പോര്‍ച്ചില്‍ നിന്ന് ഓടി വന്നു. അത് അവളോടൊപ്പം സിറ്റ്ഔട്ട് വരെ വന്നു. അത് അവിടെത്തന്നെ നിന്നതേയുള്ളൂ. ഹിമ തിരിഞ്ഞു നോക്കി. പൂച്ചക്കുട്ടി അവളുടെ മുഖത്തേക്ക് നോക്കി നില്‍ക്കുകയാണ്. നല്ല ഓമനത്തമുള്ള കുഞ്ഞു മുഖം. അവള്‍ ഇരുന്ന് അതിനെ കയ്യിൽ എടുത്തു. "ആകെ അഴുക്കായിരിക്കും, അതിനെ എടുക്കേണ്ട." ഗ്രേസി ആന്‍റി അകത്തു നിന്ന് വിളിച്ചു പറഞ്ഞു. അവള്‍ പൂച്ചക്കുട്ടിയെ താഴെ വിട്ട് അകത്തേക്ക് പോയി.
രാജു അങ്കിളിന്‍റെ ക്ലാസ്സ് റൂമില്‍ നിന്ന് പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട്. സെന്‍റ് തോമസ് സ്കൂള്‍ ടെന്‍ത് ആയിരിക്കും. അവർ വളരെ ജോളി ആണ്. അങ്കിളിന് ആ ക്ലാസ്സ് വളരെ ഇഷ്ടമാണ്. സെന്‍റ് തോമസ് നെയന്‍ ആണെങ്കിലും കുറച്ചു ബഹളം കേള്‍ക്കാം. സര്‍വോദയ ടെന്‍ത് വളരെ സൈലന്‍റ് ആണ്. നെയനിലെ കുട്ടികൾ പഠിക്കാൻ തുടങ്ങുന്നതേയുള്ളു. ലയോളയിലെ ചില കുട്ടികൾ വളരെ ക്രിയേറ്റിവ് ആണെന്നാണ് അങ്കിൾ പറയുന്നത്. ചെമ്പകയിൽ നിന്നും ഇടയ്ക്കിടെ ഉത്തരങ്ങൾ വിളിച്ചു കൂവുന്നതും കേൾക്കാം. കുട്ടികളുമായി അങ്കിള്‍ നല്ല ഫ്രെന്‍ഡ്‌ലി ആണ്. പക്ഷെ അവര്‍ കുറച്ചു ഉഴപ്പുന്നുണ്ടോ ആവോ.
സെന്‍റ് തോമസ് എയ്റ്റിലെ പാര്‍വതിയുടെ മുഖം ഈ പൂച്ചക്കുട്ടിയുടേതു പോലെ ക്യൂട്ട് ആണ്.
രാത്രി അങ്കിളും ആന്‍റിയും മുറ്റത്ത് നടക്കുകയാണ്. അവള്‍ പുറത്തേക്ക് ഇറങ്ങി. പൂച്ചക്കുട്ടി മുറ്റത്ത് ഒരറ്റത്തിരുന്നു ‘മ്യാവു’ വച്ചുകൊണ്ടിരിപ്പുണ്ട്. വിശക്കുന്നുണ്ടാവും. അവള്‍ അകത്തേക്ക് പോയി. ഫ്രിഡ്ജ് തുറന്ന് ഒരു ഡയറി മില്‍ക്ക് എടുത്തു. അവള്‍ റാപ്പര്‍ കീറി ഡയറി മില്‍ക്ക് എടുത്ത് മൂന്നുനാലു പീസാക്കി പൊട്ടിച്ചു പൂച്ചക്കുട്ടിക്ക് ഇട്ടു കൊടുത്തു.
"അധികം പുന്നാരിക്കണ്ട. ഏതോ വീട്ടിലെ പൂച്ചക്കുട്ടിയാണ്. അത് അതിന്‍റെ പാട്ടിനു പോകും. പിന്നീടിരുന്നു സങ്കടപ്പെടേണ്ടിവരും." ആന്‍റിയുടെ വാണിംഗ് ആണ്.
അവളുടെ മനസ്സ് ഇത്തിരി നനയാതിരുന്നില്ല. അവള്‍ ഓര്‍ത്തു, 'ഞാനും ഏതോ വീട്ടിലെ കുട്ടിയല്ലേ, ഒരു ദിവസം ഞാനും ഈ വീട്ടിൽനിന്ന് പോകും.
'ഇവിടെ പഠിക്കാന്‍ വരുന്ന കുട്ടികളും ഏതോ വീട്ടിലെ പൂച്ചക്കുട്ടികളാണ്. കുറച്ചു നാള്‍ കഴിയുമ്പോള്‍ അവരും ഇവിടം വിട്ടു പോകുന്നു.'
എസ്മിചേച്ചിയുടെ അച്ഛന്‍ സണ്ണി അങ്കിള്‍ അന്ന് കാറില്‍ വച്ചു പറഞ്ഞതും അവള്‍ ഓര്‍ത്തു, 'പെണ്‍കുട്ടികള്‍ നമുക്കുള്ളവരല്ല, അവര്‍ മറ്റേതോ വീട്ടിലേക്കുള്ളവരാണ്. പൊന്നുപോലെ കാത്ത് മറ്റൊരു വീട്ടില്‍ ഏല്‍പിക്കുന്നു'. അവള്‍ക്ക് കരച്ചില്‍ വന്നു.
"നാമെല്ലാവരും തന്നെ മറ്റേതോ വീട്ടിലേതാണ്. കുറച്ചുനാള്‍ ഈ വീട്ടില്‍. പിന്നീട് മറ്റുള്ളവരെ വിട്ട് ഒറ്റയ്ക്ക് എങ്ങോട്ടോ, കൂട്ടില്ലാതെ." രാജു അങ്കിള്‍ എന്തോ അര്‍ത്ഥംവച്ച് പറഞ്ഞതാണ്.
"പോയിക്കിടന്ന് ഉറങ്ങ്." ആന്‍റി പറഞ്ഞു. അവള്‍ അകത്തേക്ക് നടന്നു.
കിടക്കയില്‍ കണ്ണുകള്‍ വെറുതേ അടച്ചു കിടന്നു.... നിലാവില്‍ ഒരു ചിത്രശലഭമായ് അവള്‍ പറന്നു. പൂച്ചക്കുട്ടി അവളോടൊപ്പംകൂടി ഓടി....
പിന്നീടെപ്പോഴോ അവള്‍ ഉറങ്ങിപ്പോയി.
ഞാൻ എൽന
ഈ കഥ വായിക്കുമ്പോൾ, ആ ക്ലാസ്സ് റൂമും പരിസരവും മനസ്സിലൂടെ കടന്നു പോവുകയായിരുന്നു. ഇടയ്ക്കിടെ ക്ലാസ്സ് റൂമിൽ എത്തിനോക്കാറുണ്ടായിരുന്ന ആ പൂച്ചക്കുട്ടി ഇങ്ങനെ ഒരു കഥയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചതേയില്ല.
അഞ്ച് വെറൈറ്റി കളറുകളിൽ ഇതൾ വിരിഞ്ഞ ഒരു ചെറിയ പൂവാണെന്നു തോന്നുന്നു ഈ കഥ.
- പൂച്ചക്കുട്ടി ... അതു തന്നെ ഏതോ വീട്ടിലേതായിരുന്നു. (ഒരിക്കൽ ചോദിച്ചപ്പോൾ രാജു സാർ വളരെ നിർവികാരനായി പറഞ്ഞു "അത് അതിൻ്റെ പാട്ടിനു പോയി").
- ഹിമ ... അവളും അവളുടെ ആകാശങ്ങൾ തേടി പോയിക്കാണും.
- ഞങ്ങൾ കുട്ടികൾ ... ഞങ്ങളും ആ ക്ലാസ് റൂമിലെ റൺവേയിലൂടെ തുടങ്ങി ബിയോണ്ട് ഹൊറൈസൺ ലക്‌ഷ്യം വച്ച് പറന്നുകൊണ്ടേയിരിക്കുന്നു.
- പെൺകുട്ടികൾ ... ഏതോ വീട്ടിലേക്കുള്ളവരാണെന്നു വായിച്ചപ്പോഴാണ് ആ ഒരു റിയാലിറ്റി റിവീൽ ചെയ്‌തത്.
- നാമെല്ലാവരും ... ഈ ഒരു കുഞ്ഞു ഹിമകണത്തിൽ (snowflake) അങ്ങനെയും ഒരു വലിയ ദർശനം ഉൾക്കൊണ്ടിരിക്കുന്നു.